അമേഠി- റായ്ബറേലി മണ്ഡലങ്ങളില്‍ രാഹുലും പ്രയങ്കയും മത്സരിച്ചേക്കും; പ്രഖ്യാപനം ഇന്ന്
അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. രാഹുല്‍ ഗാന്ധി അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കുമെന്നാണ് സൂചന. മേയ് മൂന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന ദിവസം. മേയ് 20ന് വോട്ടെടുപ്പും നടക്കും. തെരഞ്ഞെടുപ്പിന് അധികം ദിവസമില്ലാത്തതിനാല്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ഉത്തര്‍പ്രദേശ് പിസിസി അടക്കം ആവശ്യപ്പെടുന്നത്.
2019ല്‍ യുപിയിലെ 62 മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചപ്പോള്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ സോണിയാ ഗാന്ധിയുമാണ് നേരത്തെ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിരുന്നത്. 2004 മുതല്‍ സോണിയ ജയിച്ച മണ്ഡലം കൂടിയാണ് റായ്ബറേലി. അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ പരാജയപ്പെട്ടിരുന്നു. 55000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ബി.ജെ.പിയുടെ സ്മൃതി ഇറാനി ജയിച്ചത്. ഇത്തവണ സ്മൃതിയെ തന്നെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.
രാഹുല്‍ അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍ നിന്നോ മത്സരിച്ചേക്കുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതിനിടെ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് ഇത്തവണ മണ്ഡലത്തില്‍ അവസരം നല്‍കണമെന്ന പോസ്റ്ററുകള്‍ ഈ ആഴ്ച ആദ്യം അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.