‘അപ്പാ, എന്നെ മിസ് ചെയ്തിട്ടുണ്ടോ’ ശ്രുതി ഹാസൻ്റെ ചോദ്യത്തിന് കമല്‍ഹാസൻ്റെ മറുപടി
അഭിനേതാവിലുപരി മികച്ച ഗാനരചയിതാവും എഴുത്തുകാരനുമാണ് കമല്‍ഹാസന്‍. അദ്ദേഹത്തിൻ്റെ മകളും നടിയും ഗായികയുമായ ശ്രുതി ഹാസന്‍ അടുത്തിടെ പുറത്തിറക്കിയ ‘ഇനിമേല്‍’ എന്ന ഗാനത്തിലും കമല്‍ഹാസനാണ് വരികള്‍ ചിട്ടപ്പെടുത്തിയത്. ഒരു പിതാവ് മാത്രമായല്ല ഒരു ടീച്ചര്‍ കൂടിയാണ് തനിക്ക് അച്ഛന്‍ എന്ന് ശ്രുതി തന്നെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സിനിമ-സംഗീത ലോകത്ത് ഇരുവരും ഏറെ തിരക്കുള്ളവരാണെങ്കിലും അച്ഛന്‍-മകള്‍ ബോണ്ട് നിലനിര്‍ത്താന്‍ ശ്രുതിയും കമല്‍ ഹാസനും ശ്രമിക്കാറുമുണ്ട്.
ഇപ്പോൾ ശ്രുതിയുമായി നടന്ന ഒരു സംഭാഷണത്തിൽ കമൽ ഹാസൻ മകളെ കുറിച്ച് പങ്കുവെച്ച ഓർമ്മകൾ ശ്രദ്ധേയമാവുകയാണ്. ‘അപ്പാ, എന്നെ മിസ് ചെയ്തിട്ടുണ്ടോ’ എന്നായിരുന്നു ശ്രുതി കമൽ ഹാസനോട് ചോദിച്ചത്. അതിന് നടൻ പറഞ്ഞ ഉത്തരം ഇങ്ങനെ, ‘തീർച്ചയായും ഞാൻ മിസ് ചെയ്യാറുണ്ട്. വളർന്ന മക്കളെ കാണുമ്പോഴുള്ളതിനേക്കൾ അധികം മിസ് ചെയ്യുക എവിടെയെങ്കിലും വെച്ച് മറ്റ് കുട്ടികളെ കാണുമ്പോഴാണ്. വളരെ വിചിത്രമായി തോന്നാം ഇത്. പക്ഷെ അതാണ് ഞങ്ങളുടെ ആദ്യ കണക്ഷൻ.
അത് ഏത് കൊച്ചു കുട്ടിയെ കാണുമ്പോഴും പഴയ കാലമാണ് ഓർമ്മ വരുന്നത്. അന്ന് ഞങ്ങൾ പങ്കുവെച്ച നിമിഷത്തെ കുറിച്ച് ഓർക്കുമ്പോഴാണ് ശരിക്കും മിസ് ചെയ്യുക. മക്കൾ വളരും എന്ന് അറിയാം എന്നിരുന്നാലും… എൻ്റെ കൈത്തണ്ടയിൽ കിടത്തി, തല കൈവെള്ളയിൽ വെച്ച് ഒറ്റ കൈ കൊണ്ട് എപ്പോഴും താരാട്ടിക്കൊണ്ടാണ് ഞാൻ അന്ന് സിനിമയെ കുറിച്ചും മറ്റ് ചർച്ചകളുമൊക്കെ നടത്തിയിരുന്നത്,’ കമൽ ഹാസൻ പറഞ്ഞു.