`അപവാദം പ്രചരിപ്പിച്ചു, മാപ്പ് പറയണം’: വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തി വിവിധ പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസ്.
ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ചില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നാണ് മുന്നറിയിപ്പ്. അല്ലെങ്കില്‍ 2 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇപി നോട്ടീസില്‍ വ്യക്തമാക്കുന്നു. അഡ്വ. എം.രാജഗോപാലന്‍ നായര്‍ മുഖേനയാണ് അദ്ദേഹം നോട്ടീസ് അയച്ചത്.
”വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആരോപിച്ചതിലൂടെ തന്നെ മാത്രമല്ല പാര്‍ട്ടിയെയും നേതാക്കളെയും അധിക്ഷേപിച്ചു. ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്റെ പാര്‍ട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. മുന്‍പും ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട്”- നോട്ടീസില്‍ പറയുന്നു.
നേരത്തെ ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇ.പി ജയരാജന് നിര്‍ദ്ദേശം നല്‍കിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.