അംഗീകൃത പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ല ;സൗദി പണ്ഡിതസഭ
ജിദ്ദ: അംഗീകൃത പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്ന് സൗദിയിലെ മുതിർന്ന പണ്ഡിതസഭ വ്യക്തമാക്കി. പെർമിറ്റ് നേടാതെ ഹജ്ജ് അനുവദനീയമല്ലെന്നും പൊതുതാൽപര്യം കണക്കിലെടുത്ത് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കലാണെന്നും കുറ്റകരമാണെന്നും പണ്ഡിതസഭ വിശദീകരിച്ചു. ഹജ്ജ് പെർമിറ്റ് നേടാതെ ഹജ്ജിനെത്തുന്നതിലെ വെല്ലുവിളികളെയും അപകടസാധ്യതകളെയും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, ഇരുഹറം പരിപാലന ജനറൽ അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ വിശദമാക്കിയതിനെ തുടർന്നാണ് വെള്ളിയാഴ്ച പണ്ഡിതസഭ ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
ഹജ്ജ് പെർമിറ്റ് നേടാനുള്ള ബാധ്യതയും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവരുടെ പ്രതിബദ്ധതയും ശരീഅത്ത് നിയമം ആവശ്യപ്പെടുന്ന താൽപര്യവുമായി പൊരുത്തപ്പെടുന്നതായി പണ്ഡിതസഭ ചൂണ്ടിക്കാട്ടി. പൊതുതാൽപര്യങ്ങൾ മെച്ചപ്പെടുത്താനും വർധിപ്പിക്കാനും ദോഷം തടയാനും കുറക്കാനുമാണ് ശരീഅത്ത് നിയമം ലക്ഷ്യമിടുന്നത്. ഹജ്ജ് പെർമിറ്റ് നേടാനുള്ള ബാധ്യത ജനങ്ങൾക്ക് അവരുടെ ആരാധനകളും അനുഷ്ഠാനങ്ങളും എളുപ്പമാക്കുന്നതിനും അവരിൽനിന്ന് ബുദ്ധിമുട്ടുകൾ നീക്കുന്നതിനും ശരീഅത്ത് അനുശാസിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ്.
വലിയൊരു ജനക്കൂട്ടത്തെ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ഹജ്ജ് നിർവഹിക്കാൻ പ്രാപ്തരാക്കുന്ന വിധത്തിൽ തീർഥാടകരുടെ എണ്ണം വ്യവസ്ഥാപിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് പെർമിറ്റ് നിർബന്ധമാണെന്ന തീരുമാനം വന്നത്. ഇത് ശരീഅത്ത് തെളിവുകളും നിയമങ്ങളും അനുസരിച്ച് നിർണയിക്കപ്പെട്ട സാധുവായ നിയമപരമായ ഉദ്ദേശ്യമാണ്. ശരീഅത്ത് നിയമം ആവശ്യപ്പെടുന്ന താൽപര്യത്തിനനുസൃത മാണെന്നും പണ്ഡിതസഭ പറഞ്ഞു.