നോർത്ത് കാരൊലൈനയിലെ വെടിവെയ്പ്പ്: മൂന്ന് പൊലീസുകാർ മരിച്ചു
നോർത്ത് കാരൊലൈനയിലെ ഷാർലറ്റിൽ പൊലീസുകാർക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒരാൾ മാർഷൽ സർവീസ് ഏജൻ്റാണ്. മരിച്ച മറ്റു രണ്ട് പേർ ഏത് ഏജൻസിയിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. പരുക്കേറ്റ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനിടയിലാണ് ബാക്കിയുള്ള പൊലീസുകാർക്ക് വെടിയേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മിനിറ്റുകളോളം വെടിവയ്പ്പ് തുടർന്നതായി പരിസരവാസികൾ പറയുന്നു. സംഭവസ്ഥലത്തെ ഒരു വീട്ടിൽ നിന്നും ഒരു യുവതിയെയും 17 വയസ്സുള്ള യുവാവിനെയും സംശയാസ്പദമായി കണ്ടെത്തി. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.
ഗാൽവേ ഡോ 5000 ബ്ലോക്കിലാണ് സംഭവം. ഒരു കേസിന്റെ ഭാഗമായി അന്വേഷണം നടത്തി വരുകയായിരുന്ന വിവിധ ഏജൻസികളിൽ നിന്നുള്ള യുഎസ് മാർഷൽസ് ടാസ്ക് ഫോഴ്സിനു നേരെ അപ്രതീക്ഷിതമായി വെടിവെയ്പ്പ് നടക്കുകയായിരുന്നു. ഷാർലറ്റിലെ സബർബൻ വസതിക്ക് സമീപമെത്തിയപ്പോഴാണ് പൊലീസുകാർക്ക് നേരെ ആദ്യം വെടിയുതിർത്തതെന്ന് ഷാർലറ്റ്-മെക്ക്ലെൻബർഗ് പൊലീസ് മേധാവി ജോണി ജെന്നിംഗ്സ് പറഞ്ഞു.