കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം: കോടതിയിൽ സമ്മതിച്ച് നിര്‍മാതാക്കൾ
കോവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്സിനുകള്‍ വികസിപ്പിച്ചത്. ഇതു രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
അസ്ട്രാസെനക വാക്സീൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്കോട്ടിന് വാക്സിന് എടുത്തതിനു പിന്നാലെ മസ്തിഷ്കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്.
ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് കുറച്ചുകാലം നിർത്തിവച്ചിരുന്നു. അസ്ട്രാസെനകയുടെ കോവിഡ് വാക്സീനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വ്യാപകമായി നൽകിയത്. ഇന്ത്യയിൽ ഈ പ്രശ്നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. കമ്പനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര് കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.