ടോളിവുഡിലും റീ റിലീസ്! എത്തുന്നത് പവൻ കല്യാണിൻ്റെ റീമേക്ക് ചിത്രം ‘വക്കീൽ സാബ്’
കോളിവുഡിലെ റീ റിലീസ് സീസണിന് പിന്നാലെ തെലുങ്കിലും റീ റിലീസ് എത്തുന്നു. പവൻ കല്യാൺ നായകനായ വക്കീൽ സാബ് എന്ന ചിത്രമാണ് റീ റിലീസ് ചെയ്യുന്നത്. വേണു ശ്രീറാം സംവിധാനം ചെയ്ത ചിത്രം മെയ് ഒന്നിനാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആരാധകരുടെ നിരന്തരമായ ആവശ്യം മൂലമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.
2021 ഏപ്രിൽ ഒമ്പതിനായിരുന്നു വക്കീൽ സാബ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കൊവിഡ് കാലത്തെ ലോക്ക് ഡൗണ്‍ അയവുകള്‍ക്ക് ശേഷം റിലീസ് ചെയ്ത പവൻ കല്യാൺ ചിത്രമായിരുന്നു ഇത്. നിവേദ തോമസ്, പ്രകാശ് രാജ്, അഞ്ജലി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബോളിവുഡില്‍ ഹിറ്റായ പിങ്ക് എന്ന ചിത്രത്തിന്റെ റീമേക്കാണ് വക്കീല്‍ സാബ്. അമിതാഭ് ബച്ചന് അവതരിപ്പിച്ച അഭിഭാഷകന്റെ വേഷത്തിലാണ് പവൻ കല്യാൺ എത്തിയത്. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത് തമനായിരുന്നു.