പ്രവാസി കാനഡക്കാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്
ഓട്ടവ : വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഏകദേശം നാല് ദശലക്ഷം കാനഡക്കാരാണ് വിദേശരാജ്യങ്ങളിൽ താമസിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ഇത് കാനഡയിലെ മൊത്തം ജനസംഖ്യയുടെ 11 ശതമാനത്തിലധികം വരുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു.
കാനഡയ്ക്ക് പുറത്ത് പ്രവാസി കാനഡക്കാർ ഏറ്റവും കൂടുതലുള്ളത് യുണൈറ്റഡ് സ്റ്റേറ്റ്സിലാണ്. തുടർന്ന് ഹോങ്കോംഗ്, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കും കനേഡിയൻ പൗരന്മാർ ചേക്കേറുന്നു. കനേഡിയൻ പൗരന്മാർ താമസിക്കുന്ന ആദ്യ 10 രാജ്യങ്ങളിൽ ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ എന്നീ ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്നു എന്നത് പ്രവാസി കാനഡക്കാർക്ക് കിഴക്കൻ ഏഷ്യയുമായുള്ള ശക്തമായ ബന്ധത്തെ സൂചിപ്പിക്കുന്നു.
1990 മുതൽ ഈ കണക്ക് ഏകദേശം 36 ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് മക്ഗിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡി ഓഫ് കാനഡ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. കനേഡിയൻ പ്രവാസികളെക്കുറിച്ചുള്ള വിവരങ്ങൾ പരിമിതമാണെന്നും വിദേശത്ത് താമസിക്കുന്ന കാനഡക്കാരിൽ 51% പൗരന്മാരാണെന്നും കാനഡയിൽ ജനിച്ചവർ 33% ഉൾപ്പെടുന്നതായി റിപ്പോർട്ട് കണ്ടെത്തി. സ്ഥിരമായ ഇമിഗ്രേഷനും കാനഡയിൽ നിന്നുള്ള റിവേഴ്സ് മൈഗ്രേഷനും ഉൾപ്പെടെ ഈ പ്രവാസികളെ കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് റിപ്പോർട്ട് പറയുന്നു.
കാനഡയിൽ എത്തി നാലോ ഏഴോ വർഷത്തിനു ശേഷം മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന പൗരന്മാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കുടിയേറ്റക്കാരിൽ 15 ശതമാനത്തിലധികം പേർ സ്ഥിര താമസക്കാരായി 20 വർഷത്തിനുള്ളിൽ കാനഡ വിടാൻ തീരുമാനിക്കുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നുകിൽ അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങുകയോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് കുടിയേറുകയോ ചെയ്യുകയാണ് പതിവെന്നും ഫെഡറൽ ഏജൻസി വ്യക്തമാക്കി.