സെക്സ്റ്റോര്ഷന് സംഘങ്ങൾ പിടിമുറുക്കുന്നു; യുകെയിൽ ക്രൈം ഏജൻസി മുന്നറിയിപ്പ്
യുകെയിൽ അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കായി ഓൺലൈനിൽ സെക്സ്റ്റോർഷൻ സംഘങ്ങൾ രംഗത്ത്.അഞ്ച് വയസ്സ് മുതലുള്ള കുട്ടികള്‍ പോലും ഈ അപകടത്തിന്റെ മുനമ്പിലാണെന്ന് നാഷനൽ ക്രൈം ഏജൻസി പറയുന്നു. 5,70,000 പ്രൈമറി, സെക്കന്‍ഡറി കുട്ടികൾക്ക് ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നൽകണമെന്ന് അധ്യാപകര്‍ക്ക് മുന്നറിയിപ്പുണ്ട്. എന്‍സിഎ ഇതാദ്യമായാണ് സ്കൂളുകള്‍ക്കായി ദേശീയ അലര്‍ട്ട് പുറപ്പെടുവിക്കുന്നത്.
സെക്സ്റ്റോര്ഷന് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍. ക്രിമിനല്‍ സംഘങ്ങള്‍ ലക്ഷ്യമിടുന്ന കുട്ടികളുടെ എണ്ണത്തില്‍ രണ്ട് വര്‍ഷത്തിനിടെ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. 2020 ല്‍ 243 കുട്ടികള്‍ ഇത്തരം സംഘങ്ങളുടെ വലയില്‍ വീണെങ്കില്‍, 2022 എത്തിയപ്പോള്‍ ഇത് 890 ആയി കുതിച്ചുയര്‍ന്നു. വെസ്റ്റ് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങളാണ് ഓണ്‍ലൈനില്‍ കുട്ടികള്‍ക്കായി വലവീശുന്നത്. യഥാര്‍ഥ പ്രണയമാണെന്നും സൗഹൃദത്തിലാണെന്നുമെല്ലാം ബോധ്യപ്പെടുത്തിയ ശേഷം സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും വെബ്ക്യാമില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണ് പദ്ധതി.
പണം നല്‍കിയില്ലെങ്കില്‍ നഗ്ന, അര്‍ദ്ധനഗ്ന ചിത്രങ്ങള്‍, വ്യാജ ചിത്രങ്ങള്‍ എന്നിവ ഇരയുടെ സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന പേരിലാണ് ഭീഷണി ആരംഭിക്കുക. ചുരുങ്ങിയത് മൂന്നു കുട്ടികളെങ്കിലും ഇത്തരം ഭീഷണികളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി എന്‍സിഎ മുന്നറിയിപ്പില്‍ പറയുന്നു. ഓൺലൈൻ ചാറ്റ് ഇടപാടുകളിൽ നിന്നും കുട്ടികൾ പിന്തിരിയണമെന്നും മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.